ഇനിയൊരു ഷഹന ആവർത്തിക്കരുത്; വനിതാ ഡോക്ടറുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്

Jaihind Webdesk
Friday, December 8, 2023

തിരുവനന്തപുരം: ഡോ. ഷഹനയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹനയെക്കുറിച്ച് ഓർത്ത് അധ്യാപകരും സഹപാഠികളും. ഇതുവരെ ഒപ്പമുണ്ടായിരുന്നവള്‍ ഇനിയില്ലെന്ന് അവർക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇനിയൊരു ഷഹന ആവർത്തിക്കരുതെന്ന് ​ദൃഢപ്രതിജ്ഞയെടുത്താണ് ഓരോ വിദ്യാർത്ഥിയും മടങ്ങിയത്.

അതേസമയം യുവ ഡോക്ടറുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ മരണകാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്.

ഒ പി ടിക്കറ്റിന്‍റെ പുറകിലാണ് ഷഹന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യ കുറിപ്പ്. കത്തിൽ റുവൈസിന്‍റെ പേരുണ്ടെന്നും ഷഹനയുടെ കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് റുവെെസിനെ അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.