തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാ തലവൻ വെട്ടേറ്റു മരിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതിയായ വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. ക്വട്ടേഷൻ ഗുണ്ടാ സംഘത്തിൽപ്പെട്ട രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദുലാൽ, സജീർ എന്നിവരാണ് പിടിയിലായത്.
കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ജോയിയെ ഇവർ കാറിൽ എത്തി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് രണ്ടു കാലുകളും അറ്റു പോയ നിലയിൽ ജോയി അരമണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്നിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.