തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യക്കയമാക്കുന്ന നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ തിരുവനന്തപുരം കോർപറേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോർപറേഷൻ വളപ്പിൽ കടന്ന് പ്രതിഷേധമുയർത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
മാലിന്യ സംസ്കരണത്തിലും നിർമ്മാർജ്ജനത്തിലും തിരുവനന്തപുരം നഗരസഭ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോർപറേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഇതിനിടയിൽ പ്രവർത്തകർ മതിൽ ചാടി കടന്ന് കോർപറേഷൻ വളപ്പിൽ പ്രതിഷേധം ഉയർത്തി. കോർപറേഷൻ വളപ്പിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുകയായിരുന്നു. പ്രവർത്തകരെ പിരിച്ചു വിടുവാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.