നഗരസഭ സിപിഎം കുടുംബസ്വത്ത്; ഹെല്‍ത്ത് സെന്‍ററുകളിലും ബന്ധുനിയമനം

Thursday, November 24, 2022

തിരുവനന്തപുരം: നഗരസഭയിലെ നിയമനങ്ങളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ നീണ്ട പട്ടിക. മേയറും സംഘവും സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  ബന്ധുക്കളെയും അനുഭാവികളെയും  തിരുകി കയറ്റിയെന്നാണ് ആരോപണം. ഹെല്‍ത്ത് സെന്‍ററുകളില്‍ ഡോക്ടര്‍മാരെ നിയമിച്ചതില്‍ പാര്‍ട്ടി സഖാക്കളുടെ ബന്ധുക്കളുടെ നീണ്ട നിരയാണുള്ളത്.  മുന്‍ മേയറുടെ മകന്‍ ഉള്‍പ്പടെ പട്ടികയില്‍ ഇടം നേടിയതും വിവാദമാവുകയാണ്.

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ  പബ്ലിക്ക് ഹെല്‍ത്ത് സെന്‍ററുകളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും   നടത്തിയ ഡോക്ടര്‍മാരുടെ നിയമനത്തിലാണ് സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ നീണ്ട നിര ഉള്ളത്.

3-9-2020,  കോവിഡ് കാലത്ത്  മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിയമന നടപടികള്‍ നടന്നത്. 17-04-21ന് നടന്ന നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മിനിറ്റ്സിൽ അത് വ്യക്തവുമാണ്. ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇന്‍റര്‍വ്യു നടന്നത് ഓണ്‍ലൈനായിട്ടാണ്. ഡോ. സമര്‍ എസ് എന്നപേര് പട്ടികയിലുണ്ട്. വിലാസം എഴുതേണ്ട കോളത്തിലുള്ളത്  പേട്ട എന്ന സ്ഥപ്പേരു  മാത്രം. മുന്‍ മേയര്‍ കെ ശ്രീകുമാറിന്‍റെ മകനാണ്  സമര്‍ എസ്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രജിന്‍ സാജ് കൃഷണയുടെ സഹോദരി ഡോ. അനഘ ആര്‍ കൃഷ്ണന്‍.  സിപിഎം ജില്ലാ കമ്മിറ്റി അംഗവും പാളയം മുന്‍ ഏരിയ സെക്രട്ടറിയുമായ എ എ റഷീദിന്‍റെ മകള്‍ ഡോ. അഷീന ബി റഷീദ് എന്നിവരും നിയമിതരായി.
യോഗ്യരായ പലരേയും മറികടന്നാണ് ബന്ധു നിയമനമെന്ന്  ബിജെപി ജില്ലാ പ്രസിഡന്‍റ്  വിവി രാജേഷ്  ആരോപിച്ചു. ഇതോടൊപ്പം  നഴ്സ് ഫാര്‍മസസിസ്റ്റ് തുടങ്ങിയര്‍ക്കുള്ള പട്ടികയില്‍ ക്രമക്കേട് നടന്നോ എന്ന് കണ്ടെത്തുക പോലും ദുഷ്കരമാണ്. ഒരാള്‍ക്കും അഡ്രസില്ല. വിലാസമെഴുതുന്ന കോളത്തില്‍ സ്ഥലപ്പേരു മാത്രമാണ് എഴുതി ചേര്‍ത്തിട്ടു ള്ളത്.

ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദത്തിനു ശേഷം ബന്ധു നിയമനത്തിന്‍റെ പുതിയ തെളിവുകളാണ് പുറത്തു വരുന്നത്.