തിരുവമ്പാടി എംഎല്‍എയുടെ ഭാര്യയ്ക്ക് രണ്ട് സ്ഥലങ്ങളില്‍ വോട്ട്; ‘ജാഗ്രതക്കുറവല്ല, തട്ടിപ്പെന്ന്’ യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, September 10, 2025

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ ഇരട്ട വോട്ടര്‍പട്ടിക ക്രമക്കേട് നടന്നതായി യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാല്‍. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് രണ്ട് സ്ഥലങ്ങളില്‍ വോട്ടുണ്ടെന്ന് ദിഷാല്‍ ആരോപിച്ചു. ‘ചെറിയ ജാഗ്രതക്കുറവ്’ എന്ന എം.എല്‍.എയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും, ഇത് മനഃപൂര്‍വമുള്ള തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടിയായി എം.എല്‍.എ ലിന്റോ ജോസഫ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ‘പുതിയ ലിസ്റ്റില്‍ കച്ചേരിയിലും, പഴയ ലിസ്റ്റില്‍ കൂടരഞ്ഞിയിലും വോട്ടുണ്ട്. അത് ജാഗ്രതക്കുറവ് മൂലം സംഭവിച്ചതാണ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വോട്ട് കൂടരഞ്ഞിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം

പഞ്ചായത്ത് തിരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ അനുഷയുടെ വോട്ട് മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-18 കണക്കുപറമ്പില്‍ ക്രമ നമ്പര്‍ 457-ല്‍ ആയിരുന്നു. ഈ വോട്ട് വാര്‍ഡ്-17 കച്ചേരിയിലേക്ക് മാറ്റാന്‍ സി.പി.എം. പ്രതിനിധികള്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് വോട്ട് കൂടരഞ്ഞിയിലേക്കാണ് മാറ്റേണ്ടതെന്ന കോണ്‍ഗ്രസ് വാദം ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയും വോട്ട് മാറ്റിവെക്കുകയും ചെയ്തു. എന്നാല്‍, ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-17 കച്ചേരിയില്‍ ക്രമ നമ്പര്‍ 1002-ല്‍ അനുഷയുടെ വോട്ട് ഉള്‍പ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മുക്കം മുന്‍സിപ്പാലിറ്റി ഭരിക്കുന്ന സി.പി.എം. നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു.

കൂടാതെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതനായിട്ടും, അതിനുശേഷം നടന്ന രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും എം.എല്‍.എയുടെ ഭാര്യയുടെ വോട്ട് മുക്കം മുന്‍സിപ്പാലിറ്റിയിലെ ബൂത്ത് നമ്പര്‍ 116-ല്‍ തന്നെയായിരുന്നുവെന്നും, ഇത് ഇപ്പോഴും തുടരുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒരു പൊതുപ്രവര്‍ത്തകനായ എം.എല്‍.എയ്ക്ക് ഈ വിവരങ്ങള്‍ അറിയില്ലായിരുന്നോ എന്നും അവര്‍ ചോദിച്ചു. ഇത് വെറും ‘ജാഗ്രതക്കുറവല്ല’, മറിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.