തിരുവല്ല സന്ദീപ് വധം : തെളിവെടുപ്പിനിടെ പ്രതികളെ വളഞ്ഞ് നാട്ടുകാർ; ജനരോഷം

 

പത്തനംതിട്ട : തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് വധക്കേസിലെ പ്രതികളുമായുളള തെളിവെടുപ്പിനിടെ ശക്തമായ ജനരോഷം. ആക്രോശങ്ങളും പ്രതിഷേധവുമായി തടിച്ചു കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് പൊലീസ് പണിപ്പെട്ടാണ് പ്രതികളുമായി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി മടങ്ങിയത്.

അന്വേഷണ സംഘത്തിന്‍റെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു പ്രതികളുമായി പൊലീസ്, സംഭവ നടന്ന സ്ഥലത്തേക്ക് എത്തിയത്. മൂന്നു വാഹനങ്ങളിലായിട്ടായിരുന്നു പ്രതികളുമായി പൊലീസ് സംഘത്തിന്‍റെ വരവ്. കേസിലെ മുഖ്യപ്രതി ജിഷ്ണു ചാത്തങ്കരി, കൂട്ടാളിയായ അഞ്ചാം പ്രതി അഭി എന്നിവരെയാണ് ആദ്യം വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. ഇരുവരും കൃത്യം നടത്തിയത് എങ്ങനെയെന്ന് പൊലീസിനോട് വിശദീകരിച്ചു. തുടർന്ന് മറ്റ് പ്രതികളെയും ഇവർക്കൊപ്പം നിർത്തി തെളിവെടുപ്പ് നടത്തി. ഇതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ആക്രോശങ്ങളും പ്രതിഷേധവുമായി പ്രതികളെ വളഞ്ഞു.

പ്രതികളെ വളരെ പണിപ്പെട്ടാണ് നാട്ടുകാർക്കിടയിൽ നിന് പൊലിസ് മോചിപ്പിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി സംഘം മടങ്ങിയെങ്കിലും സ്ഥലത്ത് മണിക്കൂറോളം നാട്ടുകാർ പ്രതിഷേധം തുടർന്നു.

Comments (0)
Add Comment