തിരുവല്ല ഈസ്റ്റ്‌ കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് ഹൈക്കോടതി നിരീക്ഷണത്തിൽ

Jaihind Webdesk
Friday, November 26, 2021

നവംബർ 28 ഞായറാഴ്ച നടക്കുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ കെബി പ്രദീപാണ് നിരീക്ഷകൻ. തെരഞ്ഞെടുപ്പ് ദിവസത്തെ മുഴുവൻ നടപടികളും നിരീക്ഷിച്ച് കൃത്യമായ റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിൽ പറയുന്നത്.
തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ നടപടികളും മുഴുവൻ പോളിംഗ് ബൂത്തുകളിലേയും പോളിംഗ് നടപടികളും വീഡിയോയിൽ പകർത്താൻ റിട്ടേണിങ് ഓഫീസർക്കും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്
വോട്ടവകാശ വിനിയോഗത്തിനു ബാങ്കിന്‍റെ ഐഡന്‍റിറ്റി കാർഡിനു പുറമേ വോട്ടറുടെ മറ്റൊരു തിരിച്ചറിയൽ രേഖയും കൂടി ഹാജരാക്കണമെന്ന് നിയമപ്രകാരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് ഉറപ്പാക്കാൻ റിട്ടേണിംഗ് ഓഫീസർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പ് ദിവസത്തെ എല്ലാ നടപടികളുടെയും മേൽനോട്ടം നേരിട്ട് നിർവഹിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനെ ഹൈക്കോടതി ചുമതലപ്പെടുത്തി. പോളിംഗ് ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാന ഭംഗം ഉണ്ടാകില്ലെന്ന് എസ്. പി ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഏതൊരു സാഹചര്യത്തിലും അക്രമമോ സമാധാനഭ്രoശമോ ഉണ്ടാവാൻ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതെല്ലാം സംബന്ധിച്ച് നിരീക്ഷകന്‍റെ റിപ്പോർട്ട് പരിഗണിച്ച് കൂടുതൽ ഉത്തരവ് ആവശ്യമെങ്കിൽ അത് നൽകാൻ കേസ് നവംബർ 30ന് പരിഗണിക്കാൻ മാറ്റി.

കള്ളവോട്ടും അക്രമവും തടയണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികളും ബാങ്കിന്‍റെ മുൻ പ്രസിഡണ്ടുമാരുമായ റെജി തോമസ്,
കെ. ജയവർമ എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഈ ഇടക്കാല ഉത്തരവ്.
അഡ്വ. ജോർജ് പൂന്തോട്ടമാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.