ഇന്ന് തിരുവോണം… ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകള്‍ പങ്കുവെച്ച് മലയാളിയ്ക്ക് ഒത്തുചേരലിന്‍റെ കൂടി ദിനം

ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്‍റേയും ഓർമപ്പെടുത്തലിന്‍റേയും ദിനം കൂടിയാണ്. ജയ്ഹിന്ദ് ടിവിയുടെ എല്ലാ മാന്യ പ്രേഷകർക്കും തിരുവോണദിനാശംസകൾ.

കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്‍റെ ഓർമ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്ക്കും.

പാടത്തും പറമ്പിലും സ്വർണ്ണം വിളയിക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്‍റെ ഉത്സവം കൂടിയാണ്. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്‍റെ ഏതറ്റത്തുമുള്ള മലയാളിയ്ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ തന്നെയാണ്. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.

മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവർണ്ണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേൽക്കുന്നത്.

തന്‍റെ പ്രജകളെ കാണാൻ മാവേലി തമ്പുരാൻ ഇന്നെത്തുമെന്നാണ് ഐതിഹ്യം. ഐതിഹ്യവും ഒപ്പം വിവിധ ഇടങ്ങളിലെ വ്യത്യസ്ത ആചാരങ്ങളും തിരുവോണത്തിൻറെ ഭാഗമാണ്. കാർഷിക സമൃദ്ധിയുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും തിരുവോണത്തിൻറെ പ്രത്യേകതയാണ്.

https://youtu.be/Dt5KOjITGG4

Comments (0)
Add Comment