മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ പതിമൂന്നുകാരന് ക്രൂരമായ മര്‍ദ്ദനമേറ്റു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സഹപാഠിയുടെ പിതാവാണ് കുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ കുട്ടിയുടെ കുടുംബം കാടാമ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കേസില്‍ പൊലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് കുട്ടിയുടെ കുടുംബം.