ജനങ്ങള്‍ ഒന്നും പഠിച്ചില്ല ; മൂന്നാം തരംഗം സുനിശ്ചിതം : എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

Saturday, June 19, 2021


ന്യൂഡൽഹി : രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം 6 മുതല്‍ 8 ആഴ്ച്ചയ്ക്കകം സംഭവിക്കുമെന്ന്  എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ.

അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കൊവിഡിന്‍റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തിൽ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കിൽ കുറച്ച് നീളാം– ഗുലേറിയ  പറഞ്ഞു.

എങ്ങനെ പെരുമാറുന്നുവെന്നും ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം കരകയറി വരുന്ന സാഹചര്യത്തിലാണ് അടുത്തതിന്‍റെ മുന്നറിയിപ്പ് വരുന്നത്. സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.