ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്7.15ന്. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം ബിജെപിയുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.
മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് രാഷ്ട്രപതി പിന്നീട് വിജ്ഞാപനം പുറത്തിറക്കും. ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വെക്കുമെന്നു സൂചന. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി. നദ്ദ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു സൂചന. 2019-ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ.
ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണു മുൻതൂക്കം. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും. ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികള്‍ക്ക് മുന്നിലാകും മൂന്നാം എന്‍ഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ.