
മോഷണം നടത്തിയ ശേഷം കള്ളൻ ഒരു കുറിപ്പും എഴുതിവച്ച് കടന്നു. പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രധാനാധ്യാപകന്റെ റൂമിന്റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്.
സ്കൂളിന്റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിന്റെ മുൻവശത്തെ പ്രധാന ഗ്രില്ലിന്റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിന്റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്
കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധ നടത്തി.