തോക്ക് കൊണ്ട് സംസാരിക്കൂ എന്ന് പറയാന്‍ ആദിത്യനാഥിന് എങ്ങനെ സാധിക്കുന്നു ? ബി.ജെ.പിയുടേത് വെറുപ്പിന്‍റെ രാഷ്ട്രീയമെന്ന് മമതാ ബാനര്‍ജി

ബംഗാള്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. യോഗി ആദിത്യനാഥിന്‍റേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും ബി.ജെ.പി വര്‍ഗീയത കളിക്കുകയാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. വാക്ക് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലെങ്കില്‍ തോക്ക് കൊണ്ട് പറയൂ എന്ന ആദിത്യനാഥിന്‍റെ പരാമർശത്തിനെതിരെയാണ് മമത രംഗത്തെത്തിയത്.

‘വാക്ക്‌കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലെങ്കില്‍ തോക്കുകൊണ്ട് പറയൂ എന്ന് എങ്ങനെയാണ് അയാള്‍ക്ക് (യോഗി ആദിത്യനാഥ്) പറയാന്‍ കഴിയുന്നത്. ഇത്തരത്തില്‍ ഒരു ആഹ്വാനം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടില്ല. ഒരു കേന്ദ്രമന്ത്രിയും (അനുരാഗ് താക്കൂര്‍) സമാനമായ കാര്യം പറഞ്ഞിരുന്നു. ബി.ജെ.പി വെറുപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യം ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’ – മമത പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ആദിത്യനാഥിന്‍റെ വിദ്വേഷ ആഹ്വാനം. ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ ആദിത്യനാഥ്, വാക്ക് കൊണ്ട് പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ തോക്ക് കൊണ്ട് പറയൂ എന്നും പറഞ്ഞു. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് താക്കൂറും പാര്‍ട്ടി എം.പി പര്‍വേശ് ശര്‍മയും ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ മൂന്ന് തവണ വെടിവെപ്പുണ്ടായിരുന്നു. ബി.ജെ.പി നേതാക്കളുടെ ആഹ്വാനമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇതിനോടകം ആക്ഷേപമുയർന്നിട്ടുണ്ട്.

mamata banerjeeyogi adityanath
Comments (0)
Add Comment