ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ആക്രമിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.യുഡിഎഫ് പ്രഖ്യാപിച്ച സമരപരിപാടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ഐജി ഓഫീസിന് മുന്‍പില്‍ പ്രതിഷേധം തുടങ്ങുമെന്നും പ്രവീണ്‍കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാരെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിനെയുമാണ് സ്ഥലംമാറ്റിയത്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ എസിപിയായും സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് (കോഴിക്കോട് സിറ്റി) എസിപിയുമായാണ് മാറ്റിയത്.
ഇതിനു പകരമായി കോഴിക്കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.പി രാജേഷിനെ സ്ഥാനക്കയറ്റം നല്‍കി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡിവിഷന്‍ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു. സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷന്‍ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമായാണ് ഈ സ്ഥലം മാറ്റവും ഉണ്ടായത്. സര്‍ക്കാര്‍ കണ്ണില്‍ പൊടിയിടുന്ന ഈ നിലപാടുമായാണ് മുന്നോട്ടു പോകുന്നത്.