വനംവകുപ്പിന് ഗുരുതര വീഴ്ചകൾ ഉണ്ടായി: മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു; സിഎജി റിപ്പോർട്ട്

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: വനംവകുപ്പിന് ഗുരുതര വീഴ്ചകൾ ഉണ്ടായതായി സിഎജി റിപ്പോർട്ട്. മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സിഎജി. വനം വനേതര ഭൂമി വേർതിരിക്കുന്നതിലും ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി കണ്ടെത്തി. നിർമ്മാണ പ്രവർത്തനങ്ങളും മനുഷ്യന്‍റെ കടന്നുകയറ്റവുമാണ് വനത്തിലെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചതെന്നും സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മൃഗങ്ങൾക്ക് വെള്ളവും ആഹാരവും ഉൾക്കാട്ടിൽ ഉറപ്പുവരുത്തുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതോടെ’വന്യജീവികൾ നാട്ടിലിറങ്ങി പ്രശ്നകാരികളായി മാറിയതായി സിഎജി ചൂണ്ടിക്കാട്ടുന്നു. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തത് വന വിസ്തൃതി കുറയുന്നതിന് ഇടയാക്കി. വയനാട്ടിലെ വന വിസ്തൃതി ഗണ്യമായി കുറഞ്ഞതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

1950 ൽ 1811.35 സ്ക്വയർ കിലോമീറ്റർ വനം ഉണ്ടായിരുന്നത് 2021 ൽ 863 .86 സ്ക്വയർ കിലോമീറ്റർ ആയി കുറഞ്ഞു
9 47.49 സ്ക്വയർ കിലോമീറ്റർ വന വിസ്തൃതിയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ 445 പേരുടെ ജീവൻ നഷ്ടമായതായും സിഎജി റിപ്പോർട്ടിലുണ്ട്. ആനകൾക്ക് റേഡിയോ കോളർ സ്ഥാപിക്കുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടു.
2018 ൽ പാലക്കാട് ഡിഎഫ്ഒ 5.63 കോടി ചെലവാക്കി മൂന്നു റേഡിയോ കോളർ വാങ്ങിയെങ്കിലും ഇന്നേവരെ കോളർ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി വാങ്ങിയെടുക്കാൻ വനം വകുപ്പിന് കഴിഞ്ഞില്ലെന്ന് സിഎജി കണ്ടെത്തി.