തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ ഉപകരണം എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് വിദഗ്ദ സമിതിയും. ഡിസംബറില്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ ഉപകരണത്തിനായി നല്‍കിയ അപേക്ഷയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയു്‌നനു. ഉപകരണം പിരിവിട്ടാണ് വാങ്ങുന്നതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍, രോഗികളും സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രധാന വിഭാഗങ്ങളില്‍ ഒക്കെയും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാര്‍ശയുണ്ട്.
എന്നാല്‍, ഡോ ഹാരിസിന് കുരുക്കായാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് ഉള്ളത്. യൂറോളജി വിഭാഗത്തില്‍ 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങള്‍ കാണാനില്ലെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി വെളിപ്പെടുത്തിയതിനു പി്ന്നാലെയാണ് വിദഗ്ധ സമിതിയെ നിയമിച്ചത്.