വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 18 പേരാണ് കേസില്‍ പ്രതികളായത്. കേസില്‍ ഉള്‍പ്പെട്ടവരെ അന്ന് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോളേജിന്റെ നടപടിയില്‍ അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നെങ്കിലും വേട്ടക്കാര്‍ക്കൊപ്പമായിരുന്നു സര്‍ക്കാരും കോളേജ് അധികൃതരും. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നുവെങ്കിലും പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞതാണ് കേസിലെ അവസാന നീക്കം
2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ കോളേജ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വാഭാവിക മരണമായി എഴുതി തള്ളാന്‍ ആയിരുന്നു കോളേജ് അധികൃതര്‍ക്കും പോലീസിനും നിര്‍ബന്ധം. എന്നാല്‍, സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ മുറിവുകളും പാടുകളും ഒപ്പം കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ അസ്വാഭാവിക പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിലെ സംശയം കൊണ്ടാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം കേസിന് പോകുന്നത്. കേസിന്റെ നാള്‍വഴികളില്‍ സിദ്ധാര്‍ത്ഥന്‍ അനുഭവിച്ച വേദനകള്‍ എന്തുമാത്രമെന്ന് എണ്ണിയെണ്ണി പുറത്തുവന്നു. ഹോസ്റ്റലിലും പാറപ്പുറത്തുമായി ക്രൂരപീഡനമാണ് സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത്. അവനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തത് അവന്റെ ഉറ്റ ചങ്ങാതികള്‍ തന്നെയായിരുന്നു എന്നുള്ളതാണ് വീട്ടുകാര്‍ക്ക് വേദന ഇരട്ടിച്ചത്.
ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശാഠ്യം പിടിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഹോസ്റ്റല്‍ വാര്‍ഡനും ഡീനും നടത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്നതിലായിരുന്നു സര്‍ക്കാരിന്റെ ഉല്‍സാഹം. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുന്നത്. കേസ് അട്ടിമറിക്കാന്‍ പലതവണ ശ്രമം നടന്നിട്ടുണ്ട്. ഇതിനിടയില്‍ പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഉണ്ടാകുകയും വിജയികളെ പോലെ അവര്‍ തിരികെ വരുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെടല്‍ തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.