ലോക്ക്ഡൗണില്‍ പൂട്ടിക്കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ വൃത്തിയാക്കാന്‍ അവസരമൊരുക്കണം; ആർ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

 

ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വാണിജ്യസ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ നശിക്കാതിരിക്കാന്‍ ഇടയ്ക്കെങ്കിലും തുറന്ന് വൃത്തിയാക്കേണ്ടതുണ്ടെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു വൃത്തിയാക്കേണ്ടതുണ്ട്. അതിനായി ആഴ്ചയിൽ 2 ദിവസമെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ തയാറാകണമെന്ന് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂര്‍ണ്ണ രൂപം:

സർ,

ലോക്ക്ഡൗണിന്‍റെ പേരിൽ മാർച്ച് 25 മുതൽ സംസ്ഥാനത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൂർണ്ണമായി അടഞ്ഞു കിടക്കുന്നു. ചെറുതും വലുതുമായ ടെക്സ്റ്റയിൽ, റെഡിമെയ്ഡ്, പുസ്തക ശാലകൾ സ്റ്റേഷനറി കടകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ ചലനമില്ലാതെയിരിക്കുമ്പോൾ സ്വാഭാവികമായി എലികളുടെയും ചിതലിന്‍റെയും മറ്റ് ക്ഷുദ്ര ജീവികളുടെയും താവളമായി ഈ സ്ഥാപനങ്ങൾ മാറും.

ലക്ഷങ്ങൾ ബാങ്കുകളിൽ നിന്നും വായ്പ എടുത്തും മൊത്ത വിതരണക്കാരിൽ നിന്ന് കടമെടുത്തും വാങ്ങി സൂക്ഷിച്ചിരിക്കുന്നതാണ് ഈ സ്ഥാപനങ്ങളിലെ വില്പനയോഗ്യമായ സാധനങ്ങൾ. ഇന്നത്തെ നില തുടർന്നാൽ ഈ സാധനങ്ങളെല്ലാം നശിച്ചു പോകുന്ന സ്ഥിതിയുണ്ടാകും. സ്ഥാപനങ്ങളും വില്‍പന സാധനങ്ങളും ഉണ്ടെങ്കിലെ ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി ലഭിക്കുകയുള്ളു.

ആയതിനാൽ ഇത്തരം വാണിജ്യ സ്ഥാപനങ്ങളിലെ നിലവിലെ കച്ചവട നിരോധനം നിലനിർത്തിക്കൊണ്ട് ഈ സ്ഥാപനങ്ങൾ തുറന്ന് വൃത്തിയാക്കുവാനും നിലവിലുള്ള സാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ആഴ്ചയിൽ 2 ദിവസമെങ്കിലും ഉടമസ്ഥനെയും അഥവാ അതിനാവശ്യമായ ചുരുക്കം ജീവനക്കാരെയും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
ആർ. ചന്ദ്രശേഖരൻ
പ്രസിഡന്‍റ്
ഐ.എൻ.റ്റി.യു.സി സംസ്ഥാന കമ്മിറ്റി

Comments (0)
Add Comment