സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷേമ പെന്‍ഷന്‍കാര്‍ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തില്‍ കടുത്ത നിരാശയിലാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച അഞ്ച് ബജറ്റുകളിലും ക്ഷേമ പെന്‍ഷനില്‍ ഒരു രൂപയുടെ വര്‍ദ്ധനവ് പോലും വരുത്തിയില്ല എന്നതാണ് പ്രധാന വിമര്‍ശനം.
2021-ലെ പുതുക്കിയ ബജറ്റ് ഉള്‍പ്പെടെ, തുടര്‍ച്ചയായി 2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റുകളാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്. ഓരോ ബജറ്റിലും കേവലം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ പോലും നിലവിലെ ക്ഷേമ പെന്ഷന് 2100 രൂപയായി ഉയര്‍ത്തുമായിരുന്നു. ഏറ്റവും കുറഞ്ഞത് പ്രതിവര്‍ഷം 40 രൂപ വര്‍ദ്ധിപ്പിച്ചാല്‍ പോലും മൊത്തം 200 രൂപയുടെ വര്‍ദ്ധനവ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുമായിരുന്നു.
നിലവില്‍ ഏകദേശം 60 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വാങ്ങുന്നത്. പ്രകടന പത്രികയില്‍ പെന്ഷന് 2500 രൂപയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്കിയ ഉറപ്പ്. അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടും ഈ വാഗ്ദാനം പാലിക്കപ്പെടാതെ പോയത് കടുത്ത ക്രൂരതയായി പെന്‍ഷന്‍കാര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് കാര്യങ്ങളില്‍ ധൂര്‍ത്ത് കാണിക്കുന്ന സര്‍ക്കാര്‍, പാവപ്പെട്ട പെന്‍ഷന്‍കാരുടെ കാര്യത്തില്‍ കണ്ണടച്ചതിലെ പ്രതിഷേധം ശക്തമാണ്.
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നതോടെ, ക്ഷേമ പെന്‍ഷന്‍കാരുടെ ‘പ്രേമം’ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന സൂചനയുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍.