മനാമ: കേന്ദ്ര ബജറ്റ് പ്രവാസികളെയും സാധാരണക്കാരെയും വഞ്ചിച്ചതായി ഒഐസിസി ബഹറിന്‍ കമ്മിറ്റി ആരോപിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴായി പ്രധാനമന്ത്രിയെയും, മറ്റു കേന്ദ്ര മന്ത്രിമാരെയും ഡല്‍ഹിയില്‍ പോയി സന്ദര്‍ശിച്ചിട്ടും കേരളത്തിന്റെ വികസനത്തിന് ഒന്നും ലഭിച്ചിട്ടില്ല. അതിനാല്‍ വ്യക്തിപരമായ സഹായം ലഭിക്കാന്‍ വേണ്ടിയാണോ മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനം നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഒഐസിസി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി രാജ്യത്തെ ഗ്രാമീണ മേഖലയിലെ ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കഴിഞ്ഞ നാളുകളില്‍ കേന്ദ്ര ഗവണ്മെന്‍റ് ശ്രമിക്കുന്നത്. കാലത്തിനനുസരിച്ചുകൊണ്ടുള്ള വര്‍ധനവ് വരുത്താതെ നിലവില്‍ കൊടുത്തുകൊണ്ടിരുന്ന തുക പോലും വെട്ടിക്കുറച്ചാണ് ബജറ്റ് അവതരിപ്പിച്ചത്.
സാധാരണക്കാരായ കൃഷിക്കാര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികളോ, കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നതിന് ഉള്ള നിര്‍ദേശങ്ങളോ ഒന്നും തന്നെ ബജറ്റിലില്ല. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഉള്ള പദ്ധതികള്‍ ഒന്നും കാണുവാന്‍ സാധിക്കുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ സ്ഥിരമായി പരിഹരിക്കാന്‍ ഉള്ള പദ്ധതികള്‍ ഒന്നും ഇല്ലാത്തത് തൊഴില്‍ കാത്തിരിക്കുന്ന യുവജങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒഐസിസി ബഹറിന്‍ ദേശീയ കമ്മിറ്റി പ്രസിഡന്‍റ് ബിനു കുന്നന്താനം പറഞ്ഞു.