‘ഇത് കൊറിയയോ ചൈനയോ അല്ല, പിണറായിക്കും കൂട്ടര്‍ക്കുമായി ഇവിടെ പ്രത്യേക നിയമമില്ല’: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind Webdesk
Thursday, May 19, 2022

കണ്ണൂര്‍: ചങ്ങല പൊട്ടിച്ചോടുന്ന പട്ടിയെ പോലെ എന്ന ഉപമ സാന്ദര്‍ഭികമായി പ്രയോഗിച്ചതിന്‍റെ പേരില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരേ കേസെടുത്ത പോലീസിന് പിണറായിയുടേയും ജയരാജന്‍റേയും എംഎം മണിയുടെയുമൊക്കെ പേരില്‍ കേസെടുക്കാനേ നേരം കാണുള്ളൂവെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കെപിസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ആ പ്രസ്താവന പിന്‍വലിക്കാമെന്ന് കെ സുധാകരന്‍ മാന്യമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിനെതിരേ കേസെടുത്ത പോലീസ് നടപടി ധിക്കാരപരമാണെന്ന് മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി.

ബിഷപ്പിനെ നികൃഷ്ടജീവിയെന്നും ജനപ്രതിനിധിയെ പരനാറിയെന്നും പാര്‍ട്ടി വിട്ടുപോയയാളെ കൊലപ്പെടുത്തിയ ശേഷം അയാളെ കുലംകുത്തിയെന്നുമൊക്കെ അധിക്ഷേപിച്ച് അതില്‍ ഇന്നേവരെ ഖേദം പോലും പ്രകടിപ്പിക്കാന്‍ തയാറാകാത്തയാളാണ് പിണറായി വിജയന്‍. പൊതുവേദികളില്‍ എത്രയോ ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടി നേതാക്കളും നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെ സുധാകരനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ പദപ്രയോഗത്തിന്‍റെ പേരിലും കേസെടുക്കേണ്ടതാണ്. പിണറായി വിജയനും കൂട്ടര്‍ക്കും ഒരു നിയമം, കെ സുധാകരന് വേറൊരു നിയമം എന്ന രീതി പറ്റില്ല.
പിണറായി വിജയനും കൂട്ടാളികള്‍ക്കും എന്തും പറയാം, മറ്റുള്ളവര്‍ മിണ്ടിപ്പോയാല്‍ കേസ് എന്ന അവസ്ഥയാണ് കേരളത്തില്‍.

ഏതെങ്കിലുമൊരു ഡിവൈഎഫ്‌ഐക്കാരന്‍ എഴുതി കൊടുക്കുന്ന പരാതിയില്‍ മിനിറ്റ് വെച്ച് കേസെടുക്കാന്‍ തുനിയുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ഇതൊരു കീഴ്‌വഴക്കമാക്കാനാണ് ഉദ്ദേശമെങ്കില്‍ കേസെടുക്കാനേ നേരം കാണുള്ളൂവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒരു നിയമം മറ്റുള്ളവര്‍ക്ക് വേറൊരു നിയമം എന്നത് കേരളത്തില്‍ നടക്കില്ല. കിം ജോങ് ഉന്നിന്‍റെ ശൈലിയില്‍ കേരളം ഭരിക്കാമെന്ന പിണറായി വിജയന്‍റെ ആഗ്രഹം നടക്കാന്‍ ഇത് കൊറിയയോ ചൈനയോ അല്ല. പോലീസ് കേസിനെ ഭയന്ന് മുഖ്യമന്ത്രിക്കെതിരേ ആരും ഇനിയങ്ങോട്ട് പ്രതികരിക്കില്ലെന്നാണ് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ആ മോഹം വിലപ്പോവില്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, വിമര്‍ശിക്കും. പോലീസ് കേസെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ പിണറായി വിജയന്‍ നോക്കേണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ.സി മുഹമ്മദ് ഫൈസൽ, എൻ.പി ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, രാജീവൻഎളയാവൂർ, പി മാധവൻ മാസ്റ്റർ, കൂക്കിരി രാഗേഷ്, രജിത്ത് നാറാത്ത്, എം.പി വേലായുധൻ, സുദീപ് ജെയിംസ്, റഷീദ് വി.പി, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, ടി അജിത്ത് കുമാർ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ഡിസിസിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു.