പാർട്ടിയില്‍ പ്രവർത്തിക്കാന്‍ ആളില്ല; ലിങ്ക്ഡ് ഇന്നില്‍ പരസ്യം നല്‍കേണ്ട ഗതികേടില്‍ ബംഗാളിലെ സിപിഎം

Jaihind Webdesk
Wednesday, November 15, 2023

പാർട്ടിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ താല്‍പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് പരസ്യം നൽകി സിപിഎം പശ്ചിമബംഗാൾ ഘടകം. കോർപ്പറേറ്റ് ശൈലിയിൽ കമ്പനികൾ ഉദ്യോഗസ്ഥരെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് പരസ്യം നൽകിയത്. ബംഗാളിൽ പോലും പാർട്ടി പ്രവർത്തനത്തിന് മതിയായ പ്രവർത്തകരില്ല എന്നതിന്‍റെ സൂചനയാണ് പരസ്യമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്ന പരിഹാസം.

പാർട്ടിക്കുവേണ്ടി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ വേണ്ടിയാണ് സിപിഎം പശ്ചിമബംഗാൾ ഘടകം സന്നദ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകിയത്. ഡിജിറ്റൽ പ്രചാരവേല, സാമ്പത്തിക മേൽനോട്ടം, ഓഫീസ് നടത്തിപ്പ് തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവരെയാണ് പാർട്ടി തേടുന്നത്. ഇതിനുപുറമേ ഗ്രാഫിക് ഡിസൈനർമാരെയും ക്ഷണിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തോട് താല്പര്യവും സേവനമനുഭാവവും ഉള്ളവരായിരിക്കണം.

അപേക്ഷകർ ഇതൊരു ജോലിയായി കണക്കാക്കരുതെന്നും പ്രധാനമായും പരസ്യത്തിൽ പരാമർശിക്കുന്നുണ്ട്. ഈയിടെ നടന്ന പാർട്ടിയുടെ സംസ്ഥാന ‘മിനി പ്ലീന’ത്തിൽ ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിനെപ്പറ്റിയും നിരവധി കൂടിയാലോചനകൾ നടന്നിരുന്നു. ഓരോ പാർട്ടി ഓഫീസുകളിലും ഇതിന്‍റെ ചുമതല നൽകിയവർ പ്രവർത്തനം മികച്ചതാക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇതിനുപുറമെ കൂടുതൽ പേരെ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ടീമിനെ സജ്ജമാക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. മൂന്നു പതിറ്റാണ്ട് സിപിഎം ഭരിച്ച ബംഗാളില്‍ പാർട്ടി ഓഫീസുകള്‍ പോലും ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലിങ്ക്ഡ് ഇന്നിൽ അക്കൗണ്ട് തുറന്ന് പരസ്യം നൽകിയത്.

അതേസമയം പാർട്ടിക്ക് പ്രവർത്തകർ ഇല്ലായെന്ന യാഥാർത്ഥ്യമാണ് പരസ്യം വെളിവാക്കുന്നതെന്ന് തൃണമൂൽ കേന്ദ്രങ്ങളും പ്രവർത്തകർ തന്നെയാണ് തങ്ങളുടെ എല്ലാ ജോലികളും ചെയ്യുന്നതെന്നും വാടകയ്ക്കെടുക്കേണ്ട ഗതികേടില്ലെന്നും ബിജെപി നേതാക്കളും പരിഹസിച്ചു. സാമൂഹ്യമാധ്യമങ്ങളിലും ട്രോളുകള്‍ നിറഞ്ഞതോടെ സിപിഎമ്മിന്‍റെ വാടക തൊഴിലാളി പരസ്യം പരിഹാസ്യമാവുകയാണ്.