‘അത്ര പരിഷ്കാരം വേണ്ട, വേണ്ടിവന്നാല്‍ മന്ത്രിയെ വഴിയില്‍ തടയും’; ഗണേഷ് കുമാറിനെതിരെ സിഐടിയു

Jaihind Webdesk
Wednesday, March 27, 2024

 

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധസമരവുമായി സിഐടിയു. ഡ്രൈവിംഗ് ടെസ്റ്റിലും ലൈസൻസ് എടുക്കുന്നതിലും പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾക്കെതിരെയാണ് സമരം. മൂന്നു ഘട്ടമായി സമരം നടത്താനാണ് തീരുമാനമെന്നും സിഐടിയു വ്യക്തമാക്കി.

മൂന്നാം ഘട്ടത്തിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും ഓൾ കേരള വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.കെ. ദിവാകരൻ പറഞ്ഞു. ഗതാഗതമന്ത്രി ശത്രുക്കളെപ്പോലെയാണ് തൊഴിലാളികളെയും ഡ്രൈവിംഗ് സ്കൂളുകളെയും കാണുന്നത്. 50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരമാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫ് മന്ത്രിയാണെന്ന് ഗണേഷ് കുമാർ ഓർക്കണമെന്നും തൊഴിലാളികൾ വിചാരിച്ചാൽ മന്ത്രിയെ നിയന്ത്രിക്കാൻ പറ്റുമെന്നും ദിവാകരൻ പറഞ്ഞു.

ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം ഫെബ്രുവരി 21ന് ഇറങ്ങിയ സർക്കുലർ പിൻവലിക്കണം. ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നലവരെ വെല്ലുവിളിച്ചുകൊണ്ടാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. ഏപ്രിൽ 3-ന് ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. സമരത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും ദിവാകരൻ പറഞ്ഞു.