P K KUNHALIKKUTTY| ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാഥനില്ല; കീം റദ്ദാക്കി സര്‍ക്കാര്‍ കുട്ടികളില്‍ കണ്‍ഫ്യൂഷനുണ്ടാക്കി: പി കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Friday, July 11, 2025

കേരളത്തിലെ എന്‍ജിനീയറിങ് ഫാര്‍മസി പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കി ആശയക്കഴപ്പം സൃഷ്ടിച്ചതില്‍ സര്‍ക്കാര്‍ ഉത്തരവാദിയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാഥനില്ലെന്നും ഈ അവസ്ഥ കണ്ട് കുട്ടികള്‍ ഓടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ കളിയാണ് നടക്കുന്നത്. ഗവര്‍ണര്‍ കാവിവത്കരണത്തിന്റെ ഭാഗമായി ന്യായീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അത് പരിഹരിക്കാനുള്ള ഇച്ഛാശക്തി ഗവണ്‍മെന്റുകള്‍ക്ക് ഉണ്ടെന്നും എന്നാല്‍ ഇവിടെ കായികമായി നേരിടുകയാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ജനാധിപത്യ വിരുദ്ധമായ നിലപാടെടുത്തത് സര്‍ക്കാര്‍ ആണ്. ചര്‍ച്ചയില്ലാതെ ഏകപക്ഷീയമായ നിലപാട് എടുത്തത് തെറ്റാണെന്നും സമസ്തയുടെ സമരം ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഒരു വിഷയവും ഏകപക്ഷീയമാകാന്‍ പാടില്ലെന്നും സര്‍ക്കാര്‍ സാമുദായിക സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.