
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി ബി.ജെ.പി നേടിയെടുത്തെങ്കിലും മാരാര്‍ജി ഭവനില്‍ അത്ര സന്തോഷമില്ല. അവിടത്തെ നിലവിലെ കാഴ്ചകള്‍ വിരല്‍ചൂണ്ടുന്നത് അധികാരത്തിനായുള്ള വടംവലിയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ്. കേവല ഭൂരിപക്ഷമില്ലാതെ നട്ടംതിരിയുന്നതിനിടയിലും, മേയര്‍ കസേരയ്ക്ക് വേണ്ടിയുള്ള നേതാക്കളുടെ പിടിവലി പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയുടേയും അധികാരക്കൊതിയും വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ജയിച്ചിട്ടും തോറ്റ അവസ്ഥ
നഗരസഭ ഭരിക്കാന്‍ ആവശ്യമായ മാന്ത്രികസംഖ്യ തികയ്ക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല്. ഈ സാഹചര്യത്തില്‍ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പകരം, സ്വതന്ത്രരെ ‘ചാക്കിട്ട് പിടിക്കാനുള്ള’ ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശാസ്യകരമായ ഒന്നല്ല ഈ നീക്കം. ജനവിധി മാനിക്കുന്നതിന് പകരം എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. എന്നാല്‍, ഈ കുതിരക്കച്ചവടം പോലും ഇതുവരെ ഫലം കണ്ടിട്ടില്ലെന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
ഭരണം ലഭിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹചര്യത്തിലും, മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കത്തിന് ഒരു കുറവുമില്ല. വി.വി രാജേഷ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എന്നിവര്‍ക്ക് പുറമെ ഇപ്പോള്‍ കരമന അജിത്തും മേയര്‍ മോഹവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പാര്‍ട്ടിയുടെ സംസ്ഥാന നേതാവെന്ന നിലയില്‍ വി.വി രാജേഷ് അവകാശവാദം ഉന്നയിക്കുമ്പോള്‍, താന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ‘സ്റ്റാര്‍’ സ്ഥാനാര്‍ത്ഥിയാണെന്ന പരിഗണന ആര്‍. ശ്രീലേഖ പ്രതീക്ഷിക്കുന്നു. ഇതിനിടയിലാണ് മുതിര്‍ന്ന നേതാവെന്ന നിലയില്‍ കരമന അജിത്തിന്റെ കടന്നുവരവ്. ഭൂരിപക്ഷം തികയ്ക്കാന്‍ നെട്ടോട്ടമോടുമ്പോഴാണ് അധികാരം പങ്കുവെക്കല്‍ സംബന്ധിച്ച് ത വരുന്നത്. ഏറെ സാദ്ധ്യത പറയപ്പെടുന്ന വിവി രാജേഷിനാവട്ടെ പാര്‍ട്ടിയിലെ ഗ്രൂപ്പു തര്‍ക്കങ്ങളുടേയും മുന്‍ അഴിമതികളുടേയും ഭൂതകാല ചരിത്രമുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച വിഴിഞ്ഞം ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം ഇനി നിര്‍ണ്ണായകമാകും. എന്നാല്‍, ബിജെപിയ്ക്ക് ഇവിടെ സാദ്ധ്യതകളില്ല. അതു മാത്രമല്ല, ഒരൊറ്റ സീറ്റ് കൊണ്ട് മാത്രം തികയ്ക്കാവുന്നതല്ല ബി.ജെ.പിയുടെ ഭൂരിപക്ഷപ്രതിസന്ധി. വിഴിഞ്ഞത്തെ ഫലം വരുന്നതിന് മുന്‍പ് തന്നെ മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള ഈ അടിപിടി, വരാനിരിക്കുന്ന ഭരണസമിതിയുടെ കെട്ടുറപ്പിനെക്കുറിച്ച് ജനങ്ങളില്‍ ഇപ്പോഴേ ആശങ്കയുണ്ടാക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനും മാറ്റത്തിനുമാണ്. എന്നാല്‍, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ കാണുമ്പോള്‍, ജനങ്ങളുടെ പ്രതീക്ഷയേക്കാള്‍ വലുത് നേതാക്കളുടെ സ്ഥാനമാനങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒറ്റക്കക്ഷിയായിട്ടും സ്വന്തം പാര്‍ട്ടിക്കാരനെ മേയറാക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കെ, തമ്മിലടിച്ച് സമയം കളയുന്ന ബി.ജെ.പി നേതൃത്വം സ്വയം പരിഹാസ്യരാവുകയാണ്. അധികാരത്തിലേറാന്‍ കുറുക്കുവഴികള്‍ തേടുന്നതും, കിട്ടാത്ത അധികാരത്തിന് വേണ്ടി കസേരകളി നടത്തുന്നതും ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂഷണമല്ല.