മുഖ്യനെ ‘ലൈക്ക്’ ചെയ്യാന്‍ പാർട്ടിക്കാർ പോലുമില്ല ; പണമെറിഞ്ഞ് ലൈക്ക് വാങ്ങുന്നത് കൊറിയയിലും, തയ്‌വാനിലും നിന്ന്

Jaihind Webdesk
Friday, April 2, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് ലൈക്ക് വരുന്നത് കൊറിയയില്‍ നിന്നും തയ് വാനില്‍ നിന്നും. സഖാക്കള്‍ പോലും അവഗണിച്ചുതുടങ്ങിയതോടെ പണം നല്‍കി ലൈക്ക് വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ‘ഓട്ടോ ലൈക്ക്’ സംവിധാനത്തിലൂടെയാണ് കൊറിയന്‍ ലൈക്കുകള്‍ വാങ്ങിക്കൂട്ടുന്നത്. മുഖ്യനെ ‘ലൈക്ക്’ ചെയ്യാന്‍ നാട്ടില്‍  ആളില്ലാത്തതിനാല്‍ വിദേശത്തുനിന്ന് ആളെയിറക്കിയുള്ള ലൈക്കിംഗ് മഹാമഹം സമൂഹമാധ്യമങ്ങളിലും പരിഹാസ്യമാവുകയാണ്.

കൃത്രിമ ലൈക്കുകള് കൂട്ടി പിണറായി ഇപ്പോഴും ജനകീയനാണെന്ന് കാണിക്കാനാണ് പിആര്‍ ടീമിന്‍റെ ശ്രമം. കൂടെയുള്ളവരെ വെട്ടിനിരത്തിയ പിണറായി വിജയനെന്ന ഏകാധിപതിക്ക് അണികളില്‍ നിന്നുപോലും വേണ്ടത്ര ‘ലൈക്ക്’ കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതോടെയാണ് പെയ്ഡ് ലൈക്കിന് പിന്നാലെ പോകേണ്ട ഗതികേടില്‍ മുഖ്യമന്ത്രി എത്തിയത്. എന്തുകൊണ്ട് ഇടതുപക്ഷം എന്ന പേരില്‍ മാര്‍ച്ച് 31 ന്  ഫേസ്ബുക്ക് പോസ്റ്റില്‍ വിദേശത്തുനിന്ന് പണം വാങ്ങിയുള്ള ലൈക്കുകള്‍ കാണാം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന അതേ കമ്പനിയാണ് കേരളത്തില്‍ പിണറായി വിജയന് വേണ്ടിയും ജോലി ചെയ്യുന്നത്. ഹാത്രസ് സംഭവത്തെ വെള്ളപൂശി വിവാദത്തിലായ  കണ്‍സെപ്റ്റ് പി.ആര്‍ കമ്പനിയാണ് അഴിമതിയില്‍ മുങ്ങിയ പിണറായി സർക്കാരിനെയും വെളളപൂശാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ ആളെയിറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇവരാണ്.