വടകരയിൽ കൊട്ടിക്കലാശമില്ല; തീരുമാനം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്

Jaihind Webdesk
Wednesday, April 24, 2024

 

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വടകരയിൽ കൊട്ടിക്കലാശം ഉണ്ടാവില്ല. വടകരയിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് വടകര ഡിവൈഎസ്പി വിളിച്ചുചേർത്ത യോഗത്തിൽ കൊട്ടിക്കലാശം നടത്തേണ്ട എന്ന് തീരുമാനമായത്.

തിരഞ്ഞെടുപ്പ്  പ്രചാരണം സമാപിക്കുന്ന ഇന്ന് കൊട്ടിക്കലാശം ഒഴിവാക്കാൻ വടകര ഡിവൈഎസ്പി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. വടകര പോലീസ് സ്റ്റേഷൻ പരിധിയിലെ വില്യാപ്പള്ളി ടൗണിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് യാതൊരു കൊട്ടിക്കലാശവും നടത്തില്ല. വടകര മുനിസിപ്പൽ പരിധിയിൽ ആയഞ്ചേരി, തിരുവല്ലൂർ എന്നിവിടങ്ങളിൽ മൂന്ന് മുന്നണികൾക്കും പ്രത്യേകം കോർണർ മീറ്റിങ്ങുകൾ മാത്രമേ നടത്താൻ പാടുള്ളൂ. പ്രകടനങ്ങൾ, ഓപ്പൺ വാഹനങ്ങളിലെ പ്രചാരണങ്ങൾ, ഡിജെ വാദ്യങ്ങൾ തുടങ്ങിയവ മുഴുവനായും ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് ശേഷം സ്ഥാനാർത്ഥി വാഹനങ്ങളിൽ ഒഴികെയുള്ള പ്രചാരണം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അവരവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ കോർണർ മീറ്റിങ്ങുകൾ നടത്താവുന്നതാണ്.നാലുമണിക്ക് ശേഷം വാഹനങ്ങളോടിച്ചുള്ള പ്രചാരണം പൂർണമായും ഒഴിവാക്കിട്ടുണ്ട്.

മുന്നണികളുടെ പഞ്ചായത്തുതല  യോഗങ്ങൾ വിളിച്ച് പഞ്ചായത്തിൽ നടപ്പാക്കേണ്ട തീരുമാനങ്ങൾ അറിയിക്കാവുന്നതാണ്. മണിയൂർ പഞ്ചായത്തിലെ കുറുന്തോടിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് യാതൊരുവിധ പ്രചാരണ പരിപാടിയും നടത്താൻ അനുവാദമില്ല.സ്ഥാനാർത്ഥി പര്യടനം രാവിലെ 9 മണിക്ക് മരുതോങ്കരയിൽ തുടങ്ങി ചെക്യാട്, വാണിമേൽ, നാദാപുരം എന്നീ പഞ്ചായത്തുകൾ പൂർത്തീകരിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് തലശേരിയിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ്ബിലെ മുഖാമുഖത്തിനുശേഷം റോഡ് ഷോയോട് കൂടി അവസാനിക്കും.