യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഫ് മെഹദി. വധശിക്ഷയില്‍ കുറഞ്ഞതൊന്നും കുടുംബത്തിന് താല്‍പര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുല്‍ ഫത്താഫ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു.
”ഇപ്പോള്‍ നടക്കുന്ന അനുരജ്ഞന ശ്രമങ്ങളില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയത് വിഷമമുണ്ടാക്കി”- സഹോദരന്‍ പറഞ്ഞു.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവ് ചെയ്യുകയും ചെയ്തുവെന്നും സഹോദരന്‍ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. വധശിക്ഷ ഇപ്പോള്‍ മാറ്റിവെച്ചുവെന്നും എന്നാല്‍ വധശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെതുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവെച്ചത്.
2017ലാണ് നിമിഷപ്രിയ തലാല്‍ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയത്. നഴ്സായിരുന്നു നിമിഷപ്രിയ യമനില്‍ മഹ്ദിയുമായി ചേര്‍ന്ന് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇയാള്‍ നിരന്തരം നിമിഷപ്രിയയെ മാനസിക പീഡനത്തിനും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷപ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു. നിമിഷപ്രിയയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. തുടര്‍ന്ന് മഹ്ദിയെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മരുന്ന് ഫലപ്രദമായില്ല. ശേഷം വീണ്ടും മരുന്ന് കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.