ന്യൂഡല്‍ഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഏകോപനസമിതിയില്‍ അംഗമാകേണ്ടെന്ന സിപിഎം തീരുമാനം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ഏകോപനസമിതിയിൽ അംഗമാകാൻ ബുദ്ധിമുട്ടാണെന്നു മാത്രമാണെന്നാണ് അവർ പറഞ്ഞത്. ആ തീരുമാനം എടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അതൊന്നും ഇന്ത്യ മുന്നണിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കില്ല. വ്യത്യസ്തമായി ചിന്തിക്കുന്ന പാർട്ടികളും സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുന്ന പാർട്ടികകളും ഉള്‍പ്പെടെ ചേരുന്നതാണ് ഇന്ത്യ മുന്നണി. ബിജെപി സർക്കാരിനെ താഴെയിറക്കുക എന്ന വിശാല ആശയത്തോടു യോജിക്കാവുന്ന പാർട്ടികളുടെ മുന്നണിയാണത്. ഇതു രൂപീകരിച്ചതുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ ആശയങ്ങൾ മടക്കിവെച്ച് എല്ലാവരും ഒറ്റ മുന്നണിക്കീഴിൽ ആകണമെന്ന് ആരും പറഞ്ഞിട്ടില്ല, അങ്ങനെ നടക്കുകയുമില്ല” – കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സിപിഎമ്മുമായി കേരളത്തിൽ മിക്ക കാര്യത്തിലും അഭിപ്രായ വ്യത്യാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഞങ്ങൾ പോരാടുന്നവരാണ്. അതുപോലെ എഎപിയുമായി പഞ്ചാബിൽ ശക്തമായി പോരാടുന്നവരാണ് കോണ്‍ഗ്രസ്. അങ്ങനെയുള്ള വൈരുദ്ധ്യങ്ങളൊക്കെ ഈ മുന്നണിയിലുണ്ട്. ഇതെല്ലാം പരിഹരിച്ചിട്ടാണ് മുന്നണി രൂപീകരിച്ചതെന്ന് ആരും പറഞ്ഞിട്ടില്ല. സിപിഎമ്മിന്‍റെ പൊളിറ്റ് ബ്യൂറോയാണ് തീരുമാനിച്ചത് ഏകോപന സമിതിയിൽ അംഗമാകേണ്ടെന്ന്. അത് അവരാണ് വിശദീകരിക്കേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. ആ സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതോടെ അതിന്‍റെ നിഷ്പക്ഷത നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മീഷനെ കെെപ്പിടിയിലാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഈ ബില്ലിന് പിറകിലെന്നും കെ.സി. വേണുഗോപാല്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.