പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും; വഴങ്ങാതെ വിദ്യാഭ്യാസ മന്ത്രി

 

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഭരണകക്ഷി എംഎൽഎയും പ്രതിസന്ധിയുണ്ടെന്ന വാദവുമായി നിയമസഭയിൽ. ഭരണകക്ഷി എംഎൽഎ യായ മുൻ മന്ത്രിഅഹമ്മദ് ദേവർ കോവിലാണ് സീറ്റ് ക്ഷാമം ഉണ്ടെന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനു വഴങ്ങാന്‍ തയാറാകാതെ കണക്കുകള്‍ പറഞ്ഞ  വിദ്യാഭ്യാസമന്ത്രി എസ്എഫ്ഐ സമരപ്രഖ്യാപനത്തെയും പരിഹസിച്ചു.

പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളും ഭരണ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും ഭരണകക്ഷി എംഎൽഎയും സീറ്റ് പ്രതിസന്ധിയുണ്ട് എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വിദ്യാഭ്യാസ മന്ത്രി എങ്ങും എത്താത്ത ചില കണക്കുകൾ കൂട്ടിയും കിഴിച്ചും പ്രതിസന്ധി ഇല്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. എസ്എഫ്ഐയുടെ പ്രതിഷേധത്തെ മന്ത്രി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ. സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. എസ്എഫ്ഐക്കാർക്ക് എല്ലാ കാര്യങ്ങളും മനസിലാവണമെന്നില്ലെന്നും അവർ തെറ്റായി കാര്യങ്ങൾ മനസിലാക്കിയതു കൊണ്ടാകാം സമരരംഗത്ത് നിൽക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാളെ വിദ്യാർത്ഥി സംഘടനകളും ആയി ചർച്ച നടത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകൾ അല്ല പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.

Comments (0)
Add Comment