സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാന്‍ നീക്കം; ജനങ്ങള്‍ക്ക് വീണ്ടും ‘ഷോക്ക് ട്രീറ്റ്മെന്‍റ്’

Jaihind Webdesk
Saturday, September 9, 2023

 

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ മറപിടിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാന്‍ കളമൊരുങ്ങുന്നു. അടുത്തയാഴ്ചയോടെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിരക്കു വർധന പ്രഖ്യാപിക്കും. ഒക്ടോബർ ഒന്നു മുതൽ പുതുക്കിയ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. നിരക്ക് വർധന സംബന്ധിച്ച ഹൈക്കോടതി സ്റ്റേ നീങ്ങിയതോടെയാണ് ഇതിനായുള്ള നീക്കങ്ങൾ ശക്തമാക്കിയത്.

സെപ്റ്റംബർ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി നിരക്കു വർധന, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് നീക്കം. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോർഡിന്‍റെ ആവശ്യം കമ്മീഷൻ അംഗീകരിക്കില്ലെങ്കിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർധന തന്നെ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ ഇതു സംബന്ധിച്ച് തെളിവെടുപ്പുകൾ പൂർത്തിയായി ഉത്തരവിറങ്ങാനിരിക്കെയായിരുന്നു ഹൈക്കോടതി സ്റ്റേ വന്നത്. ഇപ്പോള്‍ അതു നീങ്ങിയതോടെയാണ് ഉത്തരവിറക്കാനുള്ള നീക്കം വീണ്ടും സജീവമാക്കിയിരിക്കുന്നത്.

നാലുവർഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയത്. കമ്മീഷൻ നേരത്തെ ചോദിച്ച വിശദാംശങ്ങൾ വൈദ്യുതി ബോർഡ് പതിനൊന്നിനും പന്ത്രണ്ടിനുമായി സമർപ്പിക്കും. തുടർന്ന് അന്നുതന്നെ തീരുമാനം വരാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. സമീപകാലത്ത് പുറമേനിന്ന് വൈദ്യുതി വാങ്ങിയതിന്‍റെ അധികബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ നിരക്ക് വർധനയുടെ ശ്രമങ്ങൾ ഊർജിതമായി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ഹ്രസ്വകാല കരാർ പ്രകാരം യൂണിറ്റിന് ശരാശരി 7.50 രൂപയ്ക്കും മധ്യകാല കരാർ പ്രകാരം 6.88 രൂപയ്ക്കും വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചിട്ടുള്ളത്.

അരുണാചൽ പ്രദേശ് പവർ കോർപറേഷൻ അടുത്തമാസം 150 മെഗാവാട്ട് വൈദ്യുതി കടം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതു മഴക്കാലത്ത് കേരളം തിരികെ നൽകണം. കടംവാങ്ങൽ കരാറുകൾ കൂടി തുറന്നതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ടെൻഡർ നടപടികളെല്ലാം പൂർത്തിയായി. കരാർ ഉറപ്പിക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി വേണം. യൂണിറ്റിന് 4.29 വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും. ഇതിനിടയിലാണ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കവും ശക്തമായത്.