സപ്ലൈ ഇല്ലാത്ത സപ്ലൈക്കോ ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്; അവശ്യസാധനങ്ങള്‍ക്ക് തീവില, ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം, ഇന്നും സഭയില്‍ വാക്ക്പോര്

Jaihind Webdesk
Wednesday, June 26, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ വില കയറ്റം അറിയാത്തത് സർക്കാർ മാത്രമെന്ന് പ്രതിപക്ഷം. ഫലപ്രദമായി വിപണിയിൽ ഇടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിന്‍‍റെ നിഷ്ക്രിയത്വത്തെ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ വിചാരണ ചെയ്തു. സംസ്ഥാനത്തെ ധന പ്രതിസന്ധി കേരളത്തെ വർഷങ്ങൾ പിന്നോട്ട് അടിപ്പിക്കുന്നതായും സർക്കാരിന്‍റെ എല്ലാ ഏജൻസികളും തികഞ്ഞ പരാജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ്.
സർക്കാരിന് ഒരു കാര്യത്തിലും ഏകോപനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിരൂക്ഷമായ വിലക്കയറ്റത്തിൽ കേരളജനത നട്ടം തിരിയുമ്പോൾ വിപണിയിൽ ഇടപെടാതെ നിഷ്ക്രിയമായി മാറിയ സർക്കാർ സംവിധാനങ്ങൾക്കെതിരെയുള്ള ശക്തമായ വിമർശനങ്ങളുമായാണ് റോജി എം. ജോൺ വിലക്കയറ്റ വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവന്നത്.വിലക്കയറ്റത്തിന്റെ തീവ്രത കണക്കുകൾ നിരത്തി റോജി എം. ജോൺ സഭയിൽ വിശദീകരിച്ചു.

സപ്ലൈ ഇല്ലാത്ത സപ്ലൈക്കോ ഔട്ട്ലെറ്റുകൾ ആണ് കേരളത്തിലുള്ളതെന്നും സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ സർക്കാർ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ധന പ്രതിസന്ധി കേരളത്തെ വർഷങ്ങൾ പിന്നോട്ട് അടിപ്പിക്കുന്നതായും സർക്കാരിന്‍റെ എല്ലാ ഏജൻസികളും തികഞ്ഞ പരാജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിന് ഒരു കാര്യത്തിലും ഏകോപനമില്ലെന്നും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുവാൻ പര്യാപ്തമായ സപ്ലൈകോയുടെ അന്തകനായി സർക്കാർ മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേന്ദ്രത്തെ പഴിചാരിയും മുടന്തൻ ന്യായങ്ങൾ പറഞ്ഞും വിലക്കയറ്റ വിഷയത്തിൽ നിന്നും തടി തപ്പുവാനുള്ള ശ്രമങ്ങൾ ആണ് സഭയിൽ മറുപടി പറഞ്ഞ ഭക്ഷ്യ മന്ത്രിയും കൃഷിമന്ത്രിയും ധനകാര്യ മന്ത്രിയും സ്വീകരിച്ചത്. ജനജീവിതം ദുസഹമാക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.