ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി ജിഎസ്ടി കൗണ്‍സില്‍. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ സ്ലാബുകള്‍ ഒഴിവാക്കി ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാകുക.
പുതിയ നികുതി നിരക്കുകള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, നിത്യോപയോഗ സാധനങ്ങളായ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, സൈക്കിളുകള്‍ തുടങ്ങിയവയുടെ വില ഗണ്യമായി കുറയും. ഇവയെല്ലാം 12% അല്ലെങ്കില്‍ 18% സ്ലാബില്‍ നിന്ന് 5% സ്ലാബിലേക്ക് മാറ്റി.
കൂടാതെ, എയര്‍ കണ്ടീഷണറുകള്‍, വലിയ ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വില കുറയും. ഈ ഉത്പന്നങ്ങള്‍ 28% സ്ലാബില്‍ നിന്ന് 18% സ്ലാബിലേക്ക് മാറ്റി.
മറ്റൊരു പ്രധാന മാറ്റം, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കി എന്നതാണ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കൂടുതല്‍ എളുപ്പത്തില്‍ നേടാന്‍ സാധിക്കും.
എന്നിരുന്നാലും, ചില ഉത്പന്നങ്ങളുടെ വില കൂടും. പഞ്ചസാര ചേര്‍ത്ത എയറേറ്റഡ് ഡ്രിങ്കുകള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28% ല്‍ നിന്ന് 40% ആയി ഉയര്‍ത്തി. കല്‍ക്കരിയുടെ നികുതി 5% ല്‍ നിന്ന് 18% ആയി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ പാന്‍ മസാല, ഗുട്ക, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ നിലവിലെ നിരക്കുകള്‍ക്ക് താല്‍ക്കാലികമായി മാറ്റമുണ്ടാകില്ല.