ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ നിര്‍ത്തിവെക്കുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കുകയില്ല. മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ല ആശുപത്രികളിലും 158.68 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കുടിശിക തീര്‍ത്തില്ലെങ്കില്‍ സംസ്ഥാനതൊട്ടാകെ ഉപകരണ വിതരണ സംഘടന വിതരണം നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സമാനമായ രീതിയില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചുവെന്ന ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിന്നീട് മെഡിക്കല്‍ കോളേജ് പ്രതിസന്ധി തുറന്നു പറഞ്ഞ ഹാരിസിനെ കുറ്റക്കാരനാക്കാനായിരുന്നു സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നീക്കം. ഇങ്ങനെ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധികള്‍ തുടര്‍ കഥയാകുകയും അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്ത അധികൃതരുടെ നിലപാടുകള്‍ സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നതാണ് വസ്തുത.