ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന; 21 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു,ആക്രമിച്ചത് 9എണ്ണം മാത്രം

Jaihind News Bureau
Thursday, May 8, 2025

 

ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് സൂചന നല്‍കി കേന്ദ്രം. 21 ഭീകര കേന്ദ്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. അതില്‍ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്നലെ തകര്‍ത്തത്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാനും സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണം നടത്തിയത്്്. ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് ആക്രമണത്തിനു ശേഷം സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. ഇന്നലെ പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂറിന് 20 മിനിട്ട് മുമ്പാണ് തിരിച്ചടിക്ക് തയ്യാര്‍ എന്ന കുറിപ്പ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കരസേന പോസ്റ്റ് ചെയ്തത്. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.

അതേ സമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11 മണിക്ക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. കൂടുതല്‍ നടപടി ക്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച കൂടുതല്‍ വീശദീകരണവും വിശകലനവും മറ്റ് കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനും ഇപ്പോഴത്തെ സാഹചര്യം ബോധിപ്പിക്കുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്.