മോന്‍സണെതിരെ നിലവില്‍ മൂന്ന് കേസുകള്‍; വ്യാജ ഡോക്ടറാണോ എന്നതും പരിശോധിക്കും

Jaihind Webdesk
Thursday, September 30, 2021

കൊച്ചി : മോൻസണെതിരെ 3 കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്‌. എല്ലാം സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ്. വ്യാജ ഡോക്ടർ ആണോ എന്നതും പരിശോധിക്കും. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.

മോൻസണെതിരായ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ആർക്കിയോളജി വകുപ്പിന്‍റെ സഹായം തേടും. മോൻസന്‍റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി  പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. ശബരിമലയുമായി ബന്ധപ്പെട്ട വിവാദ ചെമ്പോലയും പരിശോധിക്കും. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനാൻ കൂടിയാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്.

അതേസമയം വിശദമായ മൊഴിയെടുപ്പിനും പരിശോധനകൾക്കുമായി മോൻസണെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈം ബ്രാഞ്ച് നീക്കം.  വൈകിട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ വീണ്ടും കസ്റ്റഡി ആവശ്യപ്പെടാനാണ് നീക്കം. തട്ടിപ്പിന്‍റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈം ബ്രാഞ്ചിന് പിന്നാലെ മോൻസണെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈം ബ്രാഞ്ച് തുടരുകയാണ്.