കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ ബിജെപി പ്രവർത്തകനാണ്.
കഴിഞ്ഞമാസം 29-ാം തീയതി ആയിരുന്നു മോഷണം. പാമ്പാടിയിലെ ജ്വല്ലറിയിൽ മാല വാങ്ങാനെന്ന വ്യാജേന എത്തിയാണ് അജീഷ് സ്വർണ്ണം കവർന്നത്. മാല വാങ്ങാനാണെന്ന് പറഞ്ഞ് എത്തിയ ഇയാള്‍ക്ക് തെരഞ്ഞെടുക്കാനായി ജീവനക്കാർ സ്വർണ്ണ മാലകൾ നൽകിയിരുന്നു. എന്നാൽ ഉടമയുടെ ശ്രദ്ധ മാറിയ സമയത്ത് ഇയാൾ സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു.
പ്രതിയായ അജീഷ് ബിജെപി പ്രവർത്തകനാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇയാൾ. കുട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിലാണ് അജീഷ് മത്സരിച്ചത്. ഇന്നലെ അജീഷിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ബിജെപി പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞിരുന്നു. അതിനിടെ കറുകച്ചാലിലും സമാനമായ രീതിയിൽ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് അറിയിച്ചു.