സ്കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; അടൂരില്‍ റേഡിയോഗ്രാഫർ അറസ്റ്റിൽ

Jaihind Webdesk
Saturday, November 12, 2022

പത്തനംതിട്ട:  സ്കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്നതിന്‍റെ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിക്കു സമീപത്തുള്ള സ്കാനിങ് സെന്‍ററിലാണ് സംഭവം.  കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് അറസ്റ്റിലായത്. സ്കാനിങ് സെന്‍ററിൽ എംആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.

ഇന്നലെ എം ആർ ഐ സ്കാനിങിനായി ഇവിടെ എത്തിയ ഏഴംകുളം സ്വദേശിനിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സ്കാനിങ്ങിനായി ഇവിടെ നിന്ന് നൽകിയ വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രസിങ് റൂമിൽ വസ്ത്രം മാറുന്നതിനിടെയാണ് ആരോ ചിത്രങ്ങൾ പകർത്തുന്നതായി യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് യുവതി നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുമായി അൻജിത്തിനെ കാണുകയും ഫോൺ പിടിച്ച് വാങ്ങി അപ്പോൾ തന്നെ തൻ്റെ ചിത്രങ്ങൾ യുവതി ഫോണിൽ നിന്ന് നീക്കുകയും ചെയ്തു.

പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.