മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Jaihind Webdesk
Wednesday, May 22, 2024

 

മലപ്പുറം: എടക്കരയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് പുന്നപ്പുഴ പൊട്ടിയിലെ എറംതൊടി തെജിൻ സാൻ (22) ആണു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. വേങ്ങൂരില്‍ മഞ്ഞപ്പിത്തം കാര്യമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.