കരിപ്പൂരിൽ സ്വര്‍ണ്ണം കടത്തികൊണ്ട് വന്ന യുവതിയും കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പിടിയിലായി

Jaihind Webdesk
Tuesday, December 27, 2022

മലപ്പുറം: കരിപ്പൂരിൽ സ്വര്‍ണ്ണം കടത്തികൊണ്ട് വന്ന യുവതിയും കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പിടിയിലായി. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വര്‍ണ്ണവുമായി കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന, സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് , കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

22 ന് രാവിലെ കരിപ്പുരിലിറങ്ങി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയും, യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയുമാണ് പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻറ് ചെയ്യുകയും ചെയ്തത്.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകള്‍ക്ക് സ്വര്‍ണ്ണം കൈമാറുന്നതിന് മുന്നേ, സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപൂര്‍ പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് 3 പ്രതികളെ വാഹന സഹിതം വിമാനത്താവളത്തിന്‍റെ കവാടത്തിന് സമീപത്തുവെച്ച് പിടികൂടിയത്.