പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ

Thursday, July 1, 2021

 

കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരം പുറത്ത്. നിയമനം വിവാദമായതോടെ ഉദ്യോഗസ്ഥരെ പഴിചാരി ഒഴിഞ്ഞുമാറാനുള്ള സിപിഎം ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയായത്. അതേസമയം കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

കഴിഞ്ഞ മാർച്ചിൽ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ഉദുമ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് നിവേദനം നല്‍കിയത്. പെരിയ സ്കൂൾ ഗ്രൗണ്ടിൽ  നടന്ന റാലിയിൽ  വെച്ച് ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇത്  സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും  തുടര്‍ന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാ നേതാക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനോട് നിർദ്ദേശം നല്‍കുകയായിരുന്നു.

നിയമനം വിവാദം സിപിഎമ്മിനെ തിരിഞ്ഞുകൊത്തിയതോടെ ആശുപത്രി അധുകൃതരുടെ മേല്‍ പഴിചാരി മുഖം രക്ഷിക്കാനായിരുന്നു പിന്നീട് നീക്കം. ഇന്‍റർവ്യൂ നടത്തിയ ജില്ലാ ആശുപത്രി സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട് എന്നിവർക്കാണ് നിയമനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് നിയമന ഉത്തരവിൽ ഒപ്പുവച്ചത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം പോലും ചേരാതെയാണ് നിയമനം അംഗീകരിച്ചത്.

കൊലക്കേസിലെ ഒന്ന് മുതൽ മൂന്നു വരെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ശമ്പളം നൽകി ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത് ഇടത് ഘടകകക്ഷികളിലും എതിർപ്പിന് കാരണമായതോടെ ശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായ നീക്കമാണ് സിപിഎം നടത്തുന്നത്.