യു.ഡി.എഫ് നിയമിച്ച ഹെല്‍ത്ത് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രതിക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് വിലാസം www.udfhc.com ആണ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി സമഗ്രമായ പഠനവും വിശകലനവും നടത്താനുള്ള ഒരു വേദിയായിട്ടാണ് ഈ വെബ്‌സൈറ്റിനെ കാണുന്നത്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യരംഗത്ത് ശ്രദ്ധയില്‍പ്പെട്ട പ്രശ്നങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. [email protected] ആണ് കമ്മിഷനെ ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസം. ഫോണ്‍ / വാട്ട്‌സാപ്പ് നമ്പര്‍: +91 73066 35291
കേരളത്തിലെ ആരോഗ്യ രംഗത്തെ പൊതുവായ പ്രശ്നങ്ങളെപ്പറ്റിയും സര്‍ക്കാര്‍ മേഖലയിലെ ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും അതുവഴി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം. ഇതിനായി പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഇതര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരുമായും കമ്മിഷന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. വ്യത്യസ്ത ജില്ലകളില്‍ കമ്മിഷന്‍ സിറ്റിംഗ് നടത്തും.
കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ലഭിക്കാനുള്ള അവകാശമുണ്ട്. അതിനായി ‘ഹെല്‍ത്ത് മിഷന്‍ 2050’ എന്ന ദീര്‍ഘവീക്ഷണത്തോടെയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. ആരോഗ്യരംഗത്ത് കേരളം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെ നിലനിര്‍ത്തുന്നതിനും പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും വേണ്ടി സംസ്ഥാനത്തെ സജ്ജമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കും.