വനം വകുപ്പ് അവകാശം സ്ഥാപിച്ച് കുരിശു പിഴുത സ്ഥലത്തേയ്ക്ക് വിശ്വാസികളുടെ തീര്‍ത്ഥയാത്ര. ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ വിശ്വാസികളും പുരോഹിതരും ചേര്‍ന്ന് കുരിശിന്റെ വഴി നടത്തി . തൊമ്മന്‍കുത്ത് സെന്റ്‌തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇടപെട്ട് പിഴുതു മാറ്റിയത്. എന്നാല്‍ കുരിശ് സ്ഥാപിച്ചത് വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ എന്നാണ് സഭയുടെ നിലപാട്. തര്‍ക്ക സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നത് പക്ഷേ പോലീസ തടഞ്ഞു .
വര്‍ഷങ്ങളായി ആരാധന നടത്തുന്ന കുരിശാണ് വനം വകുപ്പ് പിഴുതു മാറ്റിയതെന്ന് വിശ്വാസികള്‍ പരാതിപ്പെടുന്നു. സംസ്ഥാന പോലീസിന്റേ.യും വനംവകുപ്പിന്റേയും നടപടിയില്‍ പ്രാര്‍ത്ഥനാ പ്രതിഷേധമാണ് വിശ്വാസികള്‍ നടത്തിയത്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകള്‍ക്ക് ശേഷമാണ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തിയത്. നൂറുകണക്കിന് വിശ്വാസികളും കുരിശിന്റെ വഴിയെ അനുഗമിച്ചു.
തര്‍ക്കസ്ഥലത്തിനു സമീപം ഇവരെ പോലീസ് തടഞ്ഞു. എന്നാല്‍ പൊലീസ് വലയം മറികടന്ന് ഇവര്‍ കുരിശ് സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തി. ഇടവക വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് വീണ്ടും സ്ഥാപിക്കുമെന്നാണ് പള്ളിയുടെ നിലപാട് . കുരിശ് സ്ഥാപിച്ച ഭൂമി വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.