ഹൈക്കോടതി വിമർശനം; പുത്തൂർ സുവോളജിക്കല്‍ പാർക്കിലെ നവകേരള സദസിന്‍റെ വേദി മാറ്റി

Jaihind Webdesk
Sunday, December 3, 2023

 

തൃശൂര്‍: ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റി സർക്കാർ. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലേക്കാണ് നവകേരള സദസിന്‍റെ വേദി മാറ്റിയത്. സുവോളിക്കല്‍ പാർക്കില്‍ നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് വേദി മാറ്റം.

സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ  ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതോടെ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല മെെതാനത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് 3 മണി മുതലാണ് ഇവിടെ സദസ്. പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും ഉള്‍പ്പെടെ കത്തയച്ചിരുന്നു.