ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയം വരുന്ന തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കും : താരിഖ് അന്‍വര്‍

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ  ജയം വരുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ആവര്‍ത്തിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.  കാര്‍ഷിക ബില്ലുകള്‍ക്കെതിരെ  രാജ്യത്തുടനീളം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമര പരിപാടികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും താരിഖ് അന്‍വര്‍ തൃപ്തി പ്രകടിപ്പിച്ചു.

മുന്നൊരുക്കങ്ങളില്ലാതെയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയും കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെയും കൊണ്ടുവന്നതാണെന്ന് കാര്‍ഷിക ബില്ലെന്ന് താരിഖ് അന്‍വര്‍ ആരോപിച്ചു. ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26ന് സോഷ്യല്‍ മീഡിയയില്‍ ജനപ്രതിനിധികളെയും എം പിമാരേയും പങ്കെടുപ്പിച്ച് സമര പരിപാടികള്‍ ആരംഭിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്  പിസിസികളുടെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഒക്‌ടോബര്‍ 8ന് നിയോജക മണ്ഡലങ്ങളിലും 10ന് തലസ്ഥാന നഗരങ്ങളിലും സമരം സംഘടിപ്പിക്കും. 2 കോടി കര്‍ഷകരുടെയും തൊഴിലാളികളുടെയും ഒപ്പ് ശേഖരിച്ച് ഭീമ ഹര്‍ജി  നവംബര്‍ 14ന് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ല് അവതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരായ കേരളത്തിലെ സിപിഎം എം പി മാരുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേനത്തില്‍ സംബന്ധിച്ചു.

Comments (0)
Add Comment