ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് കിലോമീറ്ററുകള്‍; ഒഴിവായത് വന്‍ ദുരന്തം | VIDEO

Jaihind Webdesk
Sunday, February 25, 2024

 

ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടിയത് കിലോമീറ്ററുകളോളം. ജമ്മു കശ്മീരിലെ കത്വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

പത്താൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ തനിയെ നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. പഞ്ചാബിലെ മുഖേരിയാന് സമീപം ഉച്ചി ബാസിയിൽ വെച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചെന്നതില്‍ അവ്യക്തതയുണ്ട്. ഗുരുതരമായ  വീഴ്ചയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.