വയനാട് മീനങ്ങാടിയില്‍ ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി; പരിപാലന കേന്ദ്രത്തിലേക്കു മാറ്റും.

Jaihind Webdesk
Thursday, November 17, 2022

വയനാട് : മീനങ്ങാടി പൊന്‍മുടിക്കോട്ടയില്‍ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്‍റെ  കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടികോട്ട ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ കടുവ കുടുങ്ങിയത്. പത്തു വയസ്സുള്ള പെണ്‍കടുവയാണ്  കുടുങ്ങിയത്.  നാട്ടുകാരുടെയും, വനംവകുപ്പിന്‍റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി പലതവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും, 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കടുവയെ ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു മാറ്റും.