രാജ്യത്ത് മൂന്നാം തരംഗം ഒക്ടോബറോടെ; കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കണമെന്ന് വിദഗ്ധസമിതി

Jaihind Webdesk
Monday, August 23, 2021

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെയെന്ന് റിപ്പോർട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റിന് കീഴില്‍ രൂപവത്കരിച്ച സമിതിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്‌സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്.  ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്‍റിലേറ്റേഴ്‌സ്, ആംബുലന്‍സ് തുടങ്ങിയവയും കൂടുതലായി വേണ്ടിവരും.

മൂന്നാം തരംഗത്തില്‍ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട്. മുതിര്‍ന്നവരേപ്പോലെതന്നെ കുട്ടികളിലും വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കുമെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

അതേസമയം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 60 ശതമാനത്തോളവും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം രണ്ടാം തരംഗം തീർത്തും ദുർബലമായപ്പോഴും കേരളത്തില്‍ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. സാങ്കേതികമായി രണ്ടാം തരംഗം പോലും അവസാനിച്ചെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ മൂന്നാം തരംഗം ഒക്ടോബറില്‍ തന്നെ ആകുമോ എന്നതാണ് അറിയേണ്ടത്.