യൂത്ത് കോൺഗ്രസ് ഇടപെടല്‍ ; പഞ്ചായത്ത് ഡ്രൈവർ താത്കാലിക നിയമനം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു ; സർക്കാർ നീക്കത്തിന് തിരിച്ചടി

Jaihind News Bureau
Wednesday, October 21, 2020

 

തിരുവനന്തപുരം: പഞ്ചായത്തുകളില്‍ ജോലിചെയ്തിരുന്ന താത്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. 51 താത്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്തിയ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. നിയമവിരുദ്ധമായി നിയമിച്ച 51 പേർക്ക് ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.

യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് വിധി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ കേരളത്തിലെ പഞ്ചായത്തുകളുടെ 51 താത്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്തിയ സർക്കാർ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. നിയമ വിരുദ്ധമായി നിയമിച്ച 51 പേർക്ക് ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥൻ എംഎൽഎ, ഫൈസൽ കുളപ്പാടം എന്നിവരും റാങ്ക് ഹോൾഡേഴ്സുമാണ് നിയമനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്. പി.എസ്.സി ലിസ്റ്റ് നിലനിൽക്കെ പിൻവാതിൽ സ്ഥിരപ്പെടുത്തൽ നടന്നത് നിയമവിരുദ്ധമായാണെന്ന് തെളിയിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ട്രൈബ്യൂണൽ സ്റ്റേ നൽകിയത്. എണ്ണൂറിലധികം പഞ്ചായത്തുകളിൽ താത്കാലിക ഡ്രൈവർമാർ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പട്ട ഡ്രൈവർമാർക്ക് നിയമനം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുന്നു.