ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു; പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ട് പുറത്ത്

Jaihind Webdesk
Thursday, January 25, 2024

 

വാരാണസി: ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഇക്കാര്യം കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചത്. 2023 ജൂലൈ 21-ന് നടത്തിയ സർവേ റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗ്യാന്‍വാപി മസ്ജിദിന് താഴെ വലിയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇതിന് മുകളിലാണ് പള്ളി നിർമ്മിച്ചതെന്നും റിപ്പോർട്ടിലുണ്ടെന്ന് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. ഭൂമിക്ക് താഴെനിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും ക്ഷേത്രത്തിൻ്റെ തൂണുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) റിപ്പോർട്ടിലുണ്ട്. സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണസി ജില്ലാ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹിന്ദു-മുസ്‍ലിം വിഭാഗങ്ങൾക്ക് സർവേ റിപ്പോർട്ടിന്‍റെ പകർപ്പുകൾ നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.

ഡിസംബർ 18-നാണ് മുദ്രവെച്ച കവറിൽ സർവേ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് നാലാഴ്ചത്തേക്ക് ഇത് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണസി ജില്ലാ കോടതിയിൽ അപേക്ഷയും നൽകിയിരുന്നു. പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 21-നാണ് എഎസ്ഐ ഗ്യാ​ൻ​വാ​പി സ​മു​ച്ച​യ​ത്തി​ൽ ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്തി​യത്.